തിരുവനന്തപുരം: മാത്യു കുഴൽനാടൻ എംഎൽഎയുടെ ആരോപണങ്ങൾ കെട്ടടങ്ങിയിട്ടില്ല എന്ന് വ്യക്തമാക്കിക്കൊണ്ട്, മാസപ്പടി കേസിൽ കേരള മുഖ്യമന്ത്രി പിണറായി വിജയൻ്റെ മകളും സംസ്ഥാന പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിൻ്റെ ഭാര്യയുമായ ടി. വീണയുടെ മൊഴിയെടുത്ത് സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ് (എസ്എഫ്ഐഒ). കഴിഞ്ഞ ബുധനാഴ്‌ച ചെന്നൈയിൽ വെച്ചാണ് മൊഴിയെടുത്തത്. ദിവസങ്ങൾ മൂന്ന് കഴിഞ്ഞ് മാത്രമാണ് മൊഴിയെടുത്ത വിവരം പുറത്തുവന്നത്. എസ്എഫ്ഐഒ കേസ് ഏറ്റെടുത്ത് പത്ത് മാസത്തിനുശേഷമാണ് മൊഴിയെടുപ്പ് നടപടി.
ടി. വീണക്ക് സ്വകാര്യ കമ്പനിയിൽ നിന്ന് മാസപ്പടി ലഭിച്ചതായി രേഖകൾ പുറത്ത് വന്നിരുന്നു. ശശിധരൻ കർത്തയുടെ കമ്പനിയായ കൊച്ചിൻ മിനറൽസ് ആന്റ് റൂട്ടൈൽ ലിമിറ്റഡ് (സിഎംആർഎൽ) 1.72 കോടി രൂപ നൽകിയതിൻ്റെ രേഖകളാണ് പുറത്തുവന്നത്.
2017 മുതൽ 2020 വരെയുള്ള കാലയളവിലാണ് സിഎംആർഎൽ കമ്പനി വീണക്ക് പണം നൽകിയതെന്നും സേവനങ്ങൾ നൽകാതെയാണ് മുഖ്യമന്ത്രിയുടെ മകൾക്ക് പണം നൽകിയതെന്നും ആദായനികുതി തർക്ക പരിഹാര ബോർഡ് കണ്ടെത്തുകയും ചെയ്തിരുന്നു.
2017ൽ വീണ വിജയൻ്റെ എക്‌സലോജിക് കമ്പനിയും സിഎംആർഎൽ കമ്പനിയും മാർക്കറ്റിങ് കൺസൾട്ടൻസി സേവനങ്ങൾക്ക് വേണ്ടി കരാറുണ്ടാക്കിയിരുന്നു. ഈ കരാർ പ്രകാരം വീണക്ക് എല്ലാ മാസവും അഞ്ചു ലക്ഷം രൂപയും എക്‌സലോജിക്കിന് മൂന്ന് ലക്ഷം രൂപയും നൽകണമെന്നായിരുന്നു വ്യവസ്ഥ. ഈ കരാറിന്റെ അടിസ്ഥാനത്തിലാണ് പണം നൽകിയിരിക്കുന്നത്.
എന്നാൽ, വീണ വിജയനോ എക്സാലോജിക് കമ്പനിയോ യാതൊരു തരത്തിലുമുള്ള സേവനങ്ങൾ നൽകിയിട്ടില്ലെന്ന് സിഎംആർഎൽ ഡയറക്ടറായ ശശിധരൻ കർത്ത ആദായനികുതി തർക്കപരിഹാര ബോർഡിന് മൊഴി നൽകിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഒരു സേവനവും നൽകാതെ 1.75 കോടി രൂപ ബാങ്ക് അക്കൗണ്ട് വഴി നൽകിയെന്ന കണ്ടെത്തൽ പുറത്തുവരുന്നത്.
കോർപ്പറേറ്റ് തട്ടിപ്പ് അന്വേഷണ ഏജൻസിയാണ് സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ്.
The central agency investigating the frauds took the statement of Veena, the daughter of the Kerala chief!.....?